മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങൾ സമ്മാനിച്ച, ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത ഏറ്റവും പുതിയ ചിത്രമാണ് “നേര്”. വൈകാരിക മുഹൂർത്തങ്ങളിലൂടെയും
നിസ്സഹായാവസ്ഥയിലൂടെയും കടന്ന്പോവുന്ന ഒരു കോർട്ട് റൂം ഡ്രാമയാണ് നേരിന്റെ തിരശ്ശീലയിൽ. ബലാത്സംഗത്തിന് ഇരയാവുന്ന അന്ധയായ സാറ(അനശ്വര രാജൻ) എന്ന പെൺകുട്ടിക്ക് നീതീ നേടികൊടുക്കാനുള്ള ശ്രമങ്ങളും തുടർന്ന് നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. വർഷങ്ങളായി കേസ് പ്രാക്ടീസ് ചെയ്യാത്ത കോടതിയിൽ പോവാത്ത വിജയ് മോഹൻ(മോഹൻലാൽ) എന്ന പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് ഏറ്റെടുക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടി അന്ധയായതിനാൽ തെളിവെടുപ്പ് ഏറെ പ്രയാസകരമാവുന്നു. അത്തരമൊരു സാഹചര്യത്തിൽ അവൾ കളിമണ്ണിൽ പ്രതിയുടെ രൂപം സൃഷ്ടിക്കുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പകൽ പോലെ വ്യക്തമായ സത്യത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും നേരിടുന്ന പ്രശ്നങ്ങളെയും സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ഒരു സിനിമയുടെ തിരക്കഥാരചനയിൽ ഒരു സ്ത്രീ പങ്കാളിയായതിന്റെ സ്വാധീനം നേരിൽ കാണാം. സത്യം തെളിയിക്കാനുള്ള സമരത്തിൽ വക്കീലിനെപ്പോലെ തന്നെ സാറയ്ക്കും അവസരം ഒരുക്കുന്ന രചനാ മികവ് തികച്ചും ലക്ഷ്യത്തിലെത്തുന്നുണ്ട്. അവളുടെ കഥാപാത്രം നിശബ്ദ ഇരകളിൽ നിന്നും ധീരമായി പോരാടേണ്ടതിന്റെ അനിവാര്യതയെ ഓരോ പ്രേക്ഷകനിലേക്കും എത്തിക്കുകയാണ്. കാഴ്ചക്കാരനെ ഒട്ടും ബോറടിപ്പിക്കാതെയുള്ള സംവിധാനം തന്നെയാണ് നേരിന്റെ ഏറ്റവും വലിയ മികവ്. പ്രതി ആരാണെന്നതിലുള്ള അന്വേഷണമല്ല, മറിച്ച് വാദപ്രതിവാദങ്ങളുടെ ഒരു യാത്രയാണ് സിനിമ. കോടതിമുറികളിൽ വാദപ്രതിവാദങ്ങൾക്കിടയിൽ പീഡനത്തിനിരയായ സ്ത്രീകളും അവരുടെ കുടുംബവുമൊക്കെ എങ്ങനെയൊക്കെയാണ് അപമാനിക്കപ്പെടുന്നത്, സമൂഹം അവരെ എങ്ങനെയാണ് വിചാരണ ചെയ്യുന്നത് തുടങ്ങിയ യാഥാർത്ഥ്യങ്ങളിലേക്കാണ് നേര്
വിരൽ ചൂണ്ടുന്നത്.
ഏറെ നാളായി കാണാൻ ആഗ്രഹിച്ച അഭിനയമികവ് ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് നൽകാൻ മോഹൻലാലിന് കഴിഞ്ഞു. സിദ്ദിഖ്, പ്രിയ മണി, ജഗദീഷ്, ശാന്തി മായാദേവി തുടങ്ങി നിരവധി അഭിനേതാക്കളുടെ ഒത്തുചേരലാണ് നേര്. വിഷ്ണു ശ്യാമിന്റെ സംഗീത സംവിധാനതിന് പല സാഹചര്യങ്ങളിലും കഥയുടെ വൈകാരിക തലം അതേ ആഴത്തിൽ പ്രേക്ഷകനിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അനുയോജ്യമായതും കണ്ടിരിക്കേണ്ടതുമായ ഒരു കഥാഗതിയെ തികച്ചും നീതി പുലർത്തി കാഴ്ചക്കാരനിലേക്ക് അവതരിപ്പിച്ച സംവിധാന മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്.