നായകനാണോ വില്ലനാണോ ഒറ്റ വേഷത്തിലാണോ ഇരട്ടവേഷത്തിലാണോ എന്നൊക്കെ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള വേഷമാണ് ലിയോയിൽ വിജയയുടേത്. സങ്കേതികമായി മുന്നിട്ടു നിൽക്കുകയും വിജയ് എന്ന താരത്തിന്റെ വാണിജ്യ മൂല്യത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ലിയോയിലെ ആക്ഷൻ രംഗങ്ങളാണ് എടുത്തു പറയാനുള്ളത്. മാസ് പ്രേക്ഷകരെ മാത്രമല്ല അൽപം സെന്റിമെന്റ്സ് കൂടി ചേർത്ത് പലവിധ കാഴ്ചക്കാരെ ആകർഷിക്കാൻ ലിയോ ശ്രമിക്കുന്നുണ്ട്. സിനിമയോടൊപ്പം ചേർന്നു പോകുന്ന അരവിന്ദ് രവിചന്ദറിന്റെ പശ്ചാതല സംഗീതവും കൂടിയാകുമ്പോൾ ബോറടിക്കാതെ രണ്ടേമുക്കാൽ മണിക്കൂർ തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കും.
കുടുംബവും ബന്ധങ്ങളുമായി ഹിമാചൽ പ്രദേശിലെ തിയോഗ്് കഥാപശ്ചാതലമായി മനോഹരമായ കാഴ്ചകളും (ഹിമാചൽ എന്ന രീതിയിൽ കശ്മീരിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്) ചേരുന്ന ആദ്യ പകുതിയായിരിക്കും സാധാരണ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാവുക. ത്രസിപ്പിക്കുന്ന ചേസിംഗ് രംഗങ്ങളും ‘പാവത്താനിൽ’ നിന്ന് മാറിയുള്ള സംഘട്ടന രംഗങ്ങളുമുള്ള രണ്ടാം പകുതിയായിരിക്കും വിജയ്യുടെ കട്ടഫാനുകൾക്ക് കൂടുതൽ താത്പര്യമുണ്ടാക്കുക.
രണ്ട് ഭാവങ്ങളിൽ വരുന്ന വിജയ് തന്റെ ഭാഗം പരമാവധി മാന്യമായി അവതരിപ്പിച്ചിട്ടുണ്ട്. ബന്ധങ്ങളേക്കാൾ പണത്തിന് മൂല്യം നൽകുന്ന സഞ്ജയ് ദത്തിന്റേയും അർജുൻ സർജയുടേയും കഥാപാത്രങ്ങൾ തങ്ങളുടെ ഭാഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ എതിരാളികളും പോരാളികളുമായി മാറുന്നുണ്ട് അവർ. സിനിമയുടെ തുടക്കത്തിൽ കഴുതപ്പുലി പ്രത്യക്ഷപ്പെടുന്നതും മഞ്ഞിലൊരുക്കിയ രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ ചിത്രീകരിക്കാനായിട്ടുണ്ട്.