ആർ രവികുമാർ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമാണ് അയാളൻ. ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങാണ് നായിക വേഷത്തിൽ എത്തുന്നത്. വളരെ ലളിതവും പ്രവചനാതീതവുമായ ട്വിസ്റ്റും ടേണും ഉള്ള, എന്നാൽ ഏതൊരു പ്രേക്ഷകനും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത് . ആർ രവികുമാറിന്റെ ടൈം ട്രാവൽ ഫാന്റസിയായ ഇന്ദ്രു നേതൃ നാളൈ യഥാർത്ഥത്തിൽ കുട്ടികൾക്കായുള്ള ചിത്രമായിരുന്നില്ല. എന്നാൽ അയാളനിൽ കുട്ടികളുടെ ശ്രദ്ധ പെട്ടന്ന് പിടിച്ചുപറ്റാൻ കെല്പുള്ള വിഷ്വൽസും പാട്ടുകളും എല്ലാം, ചിത്രത്തിന്റെ ഭാഗമാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മുതിർന്നവരേക്കാൾ ഈ ചിത്രം ഏറ്റവും ആകർഷകമാവുന്നതും കുട്ടികൾക്കാണ്. ഭൂമിയെ അപകടത്തിലാക്കുന്ന മാരകമായ വാതകം നിർമ്മിക്കുന്നതിൽ നിന്ന് ഒരു ശാസ്ത്രജ്ഞനെ തടയാൻ അന്യഗ്രഹജീവിയുമായി കൂട്ടുകൂടുന്ന മനുഷ്യരെ പിന്തുടർന്നാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. തന്റെ ഹ്രസ്വകാല ജീവിതത്തിനിടയിൽ ഏലിയൻ ഭൂമിയിൽ കണ്ടുമുട്ടുന്ന ആളുകളുടെയും തുടർന്നുള്ള ജീവിതവും എല്ലാം അയാളനിൽ നമുക്ക് കാണാം.
ചിത്രം പ്രധാനമായും ചെന്നൈയിലാണ് ചിത്രീകരിച്ചത്. ഗ്രാമീണപശ്ചാത്തലത്തിൽ നായകന്റെ നിഷ്കളങ്കതയും തമാശകളും എല്ലാം ഒരുമിപ്പിച് ഒരു മികച്ച കാഴ്ചാനുഭവം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കഥപറച്ചിൽ പരന്നതും വിട്ടുവീഴ്ചയില്ലാത്തതുമായത് കൊണ്ട് തന്നെ രവികുമാറിന്റെ ഭാവനയുടെ വ്യാപ്തിയും അത് കാൻവാസിലേക്ക് പകർത്തിയപ്പോൾ പ്രേക്ഷകനിൽ ചെലുത്തിയ സ്വാധീനവും വളരെ വലുതാണ്. സംവിധായകൻ മനസ്സിൽ കണ്ട കഥാഗതിയെ അത്രമേൽ ഓരോ കാഴ്ചക്കാരനിലേക്കും എത്തിച്ചതിൽ വി എഫ് എക്സിനും എ ആർ റഹ്മാന്റെ സംഗീതത്തിനും വലിയ പങ്കുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.