ആനന്ദ് ഏകർഷിയുടെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റമാണ് ആട്ടം. തിരക്കഥരചന കൊണ്ടും സംവിധാനം കൊണ്ടും അഭിനയ മികവ് കൊണ്ടും കഥയെ എത്രത്തോളം ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയും എന്നതിന് തെളിവാണ് ആട്ടം എന്ന ചിത്രം . എല്ലാവരും ആസ്വദിക്കുന്ന സിനിമ, എന്നതിനേക്കാൾ സിനിമയുടെ എല്ലാ വശങ്ങളും ആസ്വദിക്കുന്ന ചലച്ചിത്രാസ്വാദകർക്ക് വേണ്ടിയുള്ള സിനിമയാണ് ഇത്. ഏറ്റവും പ്രശംസനീയമായ വശം കഥയുടെ സസ്പെൻസ് തുടക്കം മുതൽ അവസാനം വരെ നിലനിർത്താൻ കഴിയുന്നു എന്നതാണ്.
‘ആട്ടം’ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ അടിമുടി നാടകമാണ്. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിൻ്റെ തിരക്കഥപശ്ചാത്തലം. നാടകത്തിനുള്ളിലെ നാടകങ്ങളും ആത്മസംഘർഷങ്ങളും ചിത്രത്തിന്റെ പ്രമേയമായി അവതരിപ്പിക്കുമ്പോഴും സിനിമയെ സിനിമയായി നിലനിർത്തുകയും നാടകത്തിലേക്ക് വീണുപോകാതെ കയ്യടക്കത്തോടെ കഥ പറയുകയും ചെയ്യുന്ന ഡയറക്ടർ ബ്രില്യൻസ് എടുത്തുപറയേണ്ടത് തന്നെയാണ്. മുഖം കാണിച്ച് പോവുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ക്രീൻ- സ്പേസ് നൽകിയാണ് ആനന്ദ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ട്രൂപ്പിന്റെ ഏറ്റവും പുതിയ നാടക അവതരണത്തിനു ശേഷം അവിടെ നടക്കുന്ന കുറ്റകൃത്യവും തുടർന്നുണ്ടാവുന്ന കുറ്റവിചാരണ വേളകളുമാണ് കഥയുടെ ആധാരം. ഓരോ കഥാപാത്രത്തിന്റെയും നിരീക്ഷണത്തിലൂടെ കുറ്റകൃത്യത്തെ വിശകലനം ചെയ്യുമ്പോൾ സിനിമ പുരോഗമിക്കുന്നു. അഞ്ജലിയാണ് ട്രൂപ്പിലെ ഏക വനിത. അതുകൊണ്ടുതന്നെ ട്രൂപ്പിലെ പലതരക്കാരായ ആണുകളുടെ മനോഭാവത്തെ സംവിധായകൻ സൂക്ഷ്മമായി പ്രശ്നവത്ക്കരിക്കുന്നുണ്ട്. വിചാരണ വേളയിൽ പല നിലപാടുകൾ എടുക്കുന്ന ആണുങ്ങൾ ഒടുക്കം ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയും കാണാം. ഒരേ സമയം ത്രില്ലറും പൊളിറ്റിക്കലുമാണ് ആട്ടം .
ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ തിയറ്ററിൽ പ്രദർശനത്തിന് എത്തുമ്പോൾ വേണ്ടത്ര സ്ക്രീനുകൾ ലഭിക്കുന്നത് കുറവാണ്. എന്നാൽ ഒരു ഫെസ്റ്റിവൽ സിനിമയ്ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രചാരണമാണ് ആനന്ദ് ഏകർഷിയുടെ ആട്ടം എന്ന ചിത്രത്തിനു ലഭിച്ചത്. പ്രമേയത്തിലും അവതരണത്തിലും അഭിനേതാക്കളുടെ പ്രകടനത്തിലും സംവിധായകനും അണിയറ പ്രവർത്തകർക്കുമുള്ള സ്വാധീനവും മികവും തന്നെയാണ് അതിന്റെ അടിസ്ഥാനം. ഒരേ സമയം കലയും കച്ചവടവും പരീക്ഷണവും ഒന്നിക്കുന്ന അപൂർവമായ ചലച്ചിത്ര അനുഭവമാണ് ഈ ചിത്രം. സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് കണ്ടാൽ ഒട്ടും തന്നെ മടുപ്പ് തോന്നാത്ത ഒരു പിറവി തന്നെയാണ് ആനന്ദ് ഏകർഷിയുടെ ക്യാൻവാസിൽ പിറവിയെടുത്തത് എന്ന് ഉറപ്പിച്ച് പറയാം .