മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന കാതൽ : ദി കോർ തികച്ചും സമൂഹത്തെ ചിന്തിപ്പിക്കാനും മാറ്റത്തിന് തുടക്കം കുറിക്കാനും കഴിയുന്ന ഒരു ചുവടുവെയ്പ്പാണ്. സങ്കീർണമായ ഒരു ആശയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ അതിന്റെ പൂർണ്ണത നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മലയാളികൾക്ക് അന്യമായ ഒരു പ്രമേയത്തെയാണ് കഥ മുന്നോട്ട് വെക്കുന്നത്. ഒരു വ്യകതിയുടെ ലൈംഗികതയെക്കുറിച്ചുള്ള സാമൂഹിക പൊതുബോധത്തെ തിരുത്തിക്കുറിക്കാനുള്ള ധീരമായ ശ്രമമാണ് കാതൽ. അതിന്റെ കാമ്പ് ആഴത്തിൽ പകർത്താൻ രചയിതാക്കളായ പോൾസൺ സ്കറിയയ്ക്കും ആദർശ് സുകുമാരനും കൃത്യമായി കഴിഞ്ഞിട്ടുണ്ട്. വേറിട്ട തിരക്കഥകൾ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്കമ്പനിയുടെ ചിത്രങ്ങളിൽ കാതൽ വ്യത്യസ്തത പുലർത്തുന്ന ഒന്ന് തന്നെയാണ്.
പ്രദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മാത്യു ദേവസ്സി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. 20 വർഷത്തെ വിവാഹബന്ധം വേർപെടുത്താൻ ഭാര്യ ഓമന വിവാഹമോചന ഹർജി കൊടുക്കുമ്പോൾ പ്രേക്ഷകരും അതിന്റെ കാരണം അന്വേഷിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. സിനിമ അതിന്റെ സൗന്ദര്യാത്മക വശത്തേക്കാൾ സാമൂഹിക മുൻവിധികൾക്കും നിയമങ്ങൾക്കും അതീതമായി മാനസികാവസ്ഥയെ എങ്ങനെ തിരുത്തിക്കുറിക്കണം എന്നാണ് പറഞ്ഞുവെക്കുന്നത്. പ്രണയം എല്ലായ്പ്പോഴും കറുപ്പും വെളുപ്പും ആയിരിക്കില്ല ചാരനിറത്തിലുള്ള വിവരണാതീതമായ ഒന്നാണെന്ന് ജിയോ ബേബി പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്. വൈകാരിക നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാത്യൂസ് പുളിക്കന്റെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ അവഗണിക്കുന്ന ഒരു സാഹചര്യത്തിൽ ഇത്തരമൊരു കഥയെ ഊന്നിപ്പറയാൻ കാണിച്ച ശ്രമം തികച്ചും അഭിനന്ദനാർഹമാണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment