ക്യാപ്റ്റൻ മില്ലർ
യുദ്ധക്കളത്തിലെ സ്വതന്ത്രപ്രഖ്യാപനം
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ഇത് ക്യാപ്റ്റൻ മില്ലറിന്റെ കഥയാണ്. ജാതീയത എന്ന വമ്പൻ വേലികെട്ടിനുള്ളിൽ തളച്ചിട്ട ഒരു പഴയ കാലഘട്ട ത്തിനെതിരെ പൊരുതുന്ന ഒരു യുവാവിന്റെ വീക്ഷണകോണിലൂടെ കഥ പറയുന്നതായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. കറുത്തവന്റെ രാഷ്ട്രീയം ശാക്തീകരിക്കപ്പെട്ട നായകനായ മില്ലറിലൂടെ (ധനുഷ് ) വ്യത്യസ്തമായ അഞ്ച് അധ്യായങ്ങളായാണ് സംവിധായകൻ അത് പ്രേക്ഷകനിലേക്കെത്തിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിനും രാജവാഴ്ചയ്ക്കും, അത് സാധാരണക്കാരനിൽ ചെലുത്തിയ സ്വാതന്ത്ര്യം ഇല്ലായ്മയ്ക്കും ജാതിവ്യവസ്ഥയ്ക്കും കീഴെ തലകുനിച്ചു മടുത്ത, ഒരു നാടുമുഴുവൻ ഈസ എന്ന് വിളിക്കുന്ന അനലീസൻ എന്ന ചെറുപ്പക്കാരൻ ജീവിതത്തിലെ തന്റെ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെടുമ്പോൾ പട്ടാളത്തിൽ ചേരാൻ ഒരുങ്ങുന്നു. അതിനവന് അവന്റേതായ കാരണങ്ങളും ഉണ്ട്. കാലിൽ ചെരുപ്പ് പോലും ധരിക്കാൻ സ്വാതന്ത്രമില്ല്ലാത്ത ഒരു ചെറുപ്പക്കക്കാരൻ പട്ടാളത്തിൽ ചേരുമ്പോൾ അവനോട് ബൂട്ട് ധരിക്കാൻ ആവശ്യപ്പെടുന്നു. തല കുനിച്ചു നിൽക്കുന്നതിന് പകരം നിവർന്ന് നിന്ന് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. അതാണ് അവൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം. പട്ടാളത്തിൽ ചേരുന്ന അനലീസന് അവിടെ നിന്നും ലഭിക്കുന്ന പേരാണ് മില്ലർ.
തങ്ങൾ കെട്ടിപ്പടുത്ത് ഉണ്ടാക്കിയ ക്ഷേത്രത്തിൽ 600 വർഷമായി പ്രവേശനം ഇല്ലാതിരുന്ന ഒരു ജനതയ്ക്ക് വേണ്ടി, അവരുടെ സ്വാതന്ത്ര്യത്തിനായി മില്ലർ മുന്നിട്ടിറങ്ങുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ്റെ ആത്യന്തികമായ ആവശ്യമെന്ന് പറയുന്നത് മേലാളന്മാർക്കെതിരെയുള്ള പ്രതിരോധമാണ്. അതിനാൽ തന്നെ അയാളുടെ ചിന്തകളെയും ലക്ഷ്യത്തെയും വ്യതിചലിപ്പിക്കുന്ന രീതിയിൽ ഒരു പ്രണയം പോലും കൊണ്ടുവരാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നായകന്മാരെ പോലെ എടുത്തുപറയേണ്ടത് തന്നെയാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങളും. ചിത്രത്തിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും തോക്ക് ചൂടുന്നുണ്ട്. തങ്ങളുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ധീരതയോടെ പ്രകടിപ്പിക്കാൻ സ്ത്രീകൾ തയ്യാറാവുന്നുണ്ട്. ഇവയെല്ലാം ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. സ്വാതന്ത്രത്തിനും അഭിമാനത്തിനും ഏൽക്കുന്ന ക്ഷതങ്ങളെല്ലാം കണ്ടില്ലെന്ന് നടിച് അടുക്കളയിൽ ഒതുങ്ങികൂടേണ്ടതല്ല സ്ത്രീ എന്നും തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടവരാണ് എന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. കഥ പറയുന്ന കാലഘട്ടം ഏത് തന്നെയാണെങ്കിലും പറഞ്ഞുവെച്ച പ്രമേയം ഇന്നും പ്രസക്തമാണ്.
പറയാനുള്ളതെല്ലാം പെട്ടന്ന് പറഞ്ഞുതീർക്കാതെ വളരെ പതുക്കെ കഥയുടെ താളത്തിനനുസരിച് ഊർന്നിറങ്ങുന്ന ആഖ്യാനശൈലി ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. സമൂഹം കുടുംബം സൗഹ്യദം തുടങ്ങിയ എല്ലാ ചേരുവകളും സമന്വയിപ്പിക്കുമ്പോൾ തന്നെ മില്ലറിന്റെയുള്ളിലെ ദേഷ്യം, കുറ്റബോധം, നിരാശ എന്നിവ തന്നെയാണ് ഓരോ അദ്ധ്യായത്തെയും മുൻപോട്ട് നയിക്കുന്നത്. ഒരു നോൺ ലീനിയർ രീതിയാണ് കഥ പറയാനായി സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. ശിവരാജ്കുമാർ, പ്രിയങ്ക അരുൾ മോഹൻ, അദിതി ബാലൻ, സന്ദീപ് കിഷൻ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ, എഡിറ്റിംഗ് സംഗീതം, പ്രൊഡക്ഷൻ ഡിസൈൻ എന്നിങ്ങനെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെയെല്ലാം പ്രത്യേകം പരാമർശിക്കേണ്ടത് തന്നെയാണ്.