ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത മെഡിക്കൽ-ഇൻവെസ്റ്റിഗേറ്റീവ്-ഇമോഷണൽ ത്രില്ലർ ചിത്രമാണ് എബ്രഹാം ഓസ്ലർ. സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളുടെ തിരക്കഥകൾ പോലെ വളരെ സാധാരണമായാണ് പ്രമേയത്തെ അവതരിപ്പിക്കുന്നതെങ്കിലും സഞ്ചരിക്കും തോറും അതിന്റെ കഥാഗതിയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ എബ്രഹാം ഓസ്ലർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വ്യക്തിജീവിതത്തിൽ ചില തിരിച്ചടികൾ നേരിട്ട് ഔദ്യോഗികജീവിതവും ചോദ്യചിഹ്നത്തിൽ നിൽക്കുന്ന ഓസ്ലർക്ക് മുന്നിലേക്ക് വളരെ ദുരൂഹമായ ഒരു കേസ് എത്തുകയും അത് തെളിയിക്കാനുള്ള അന്വേഷണത്തിന്റെ ഒഴുക്കുമാണ് ചിത്രത്തിന്റെ ആധാരം.
മലയാള സിനിമയിൽ മെഡിക്കൽ പശ്ചാത്തലത്തിൽ നിർമിച്ച സിനിമകൾ വളരെ കുറവാണ്. ഡോക്ടർമാർ, ആശുപത്രികൾ, കൊലപാതകങ്ങൾ, അന്വേഷണങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് ഓസ്ലർ പുരോഗമിക്കുന്നത്. കണ്ടു പരിചയിച്ച ഒരു പ്രമേയമല്ലാത്തത് കൊണ്ട്തന്നെ കേസുകളും ഉപയോഗിക്കുന്ന വാക്കുകളുമെല്ലാം പ്രേക്ഷകനിൽ പുതിയൊരു കാഴ്ചാനുഭവം നൽകുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കപ്പുറം മുന്നേറിയ, കഥയുടെ കൃത്യമായ അവതരണ രീതിയും അത് ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന സംഗീതവും എടുത്ത് പറയേണ്ടത് തന്നെയാണ്.
ത്രില്ലറുകൾ ചെയ്ത് വിജയിച്ച ഒരു സംവിധായകന്റെ അതെ ശ്രേണിയിൽ പുതിയൊരു ചിത്രമെത്തുമ്പോൾ പ്രേക്ഷകർ വെയ്ക്കുന്ന പ്രതീക്ഷയും അത് സംവിധായകനിൽ ചെലുത്തുന്ന ഉത്തരവാദിത്തവും വളരെ വലുതാണ്. അഞ്ചാം പാതിര പോലെ ഒരു കൊലപാതക പരമ്പര തന്നെയാണ് ഓസ്ലറിൻ്റെ തിരശീലയിലും. എന്നാൽ ഒരേ സംവിധായകൻ സംവിധാനം ചെയ്തു എന്നതൊഴിച്ചാൽ കഥാഗതി കൊണ്ട് വേറിട്ട് നിൽക്കുന്നുമുണ്ട്. തുടർച്ചയായി മൂന്നു കൊലപാതകങ്ങളും കൊലയാളി അവശേഷിപ്പിക്കുന്ന സൂചനകളും കഥയുടെ കാമ്പിന് കാതലൊരുക്കുമ്പോളും അതെ സമയം ചിത്രം, ഒരു മെഡിക്കൽ ത്രില്ലർ കൂടിയാണ്. ഏച്ചുകെട്ടലുകളും വലിച്ചുനീട്ടലും ഇല്ലാതെ തിരക്കഥയെ നൂറ് ശതമാനം സത്യന്ധതയോടെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ മിഥുൻ മാനുവലിന് സാധിച്ചു എന്ന് ഊന്നിപ്പറയാൻ കഴിയും.
കയ്യടക്കത്തോടെയുള്ള ജയറാമിന്റെ അഭിനയം അഭിനന്ദനാർഹമാണ്. ജയറാം ഇതിന് മുൻപും നിരവധി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓസ്ലർ തികച്ചും വ്യത്യസ്തമാണ്. കഥാപാത്രത്തിൻ്റെ തളർച്ചയും തകർച്ചയും എല്ലാം ജയറാമിലെ അഭിനേതാവിൽ ഭദ്രമായിരുന്നു. ജഗദീഷ്, അർജുൻ അശോകൻ, സൈജു കുറുപ്പ്, അനൂപ് മേനോൻ, അനശ്വര രാജൻ, ദിലീഷ് പോത്തൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കളുടെ കരിയറിലെ മികച്ച പ്രകടനങ്ങൾ കാൻവാസിൽ പകർത്താൻ സംവിധായകന് സാധിച്ചു എന്ന് നിശ്ശേഷം പറയാം. ഡോ. രൺധീർ കൃഷ്ണനാണ് തിരക്കഥ ഒരുക്കിയത്. കഥാഗതിയെ അതെ ആഴത്തിൽ പ്രേക്ഷരിലേക്ക് എത്തിക്കാൻ ചിത്രത്തിന്റെ ഓരോ അണിയറ പ്രവർത്തകരും ശ്രമിക്കുകയും അത് വിജയത്തിലെത്തിയിട്ടുമുണ്ട്.