ആലപ്പുഴയുടെ പശ്ചാത്തലത്തിൽ സാജിദ് യഹിയ സംവിധാനം ചെയ്ത തീവ്ര പ്രണയത്തിന്റെ കഥയാണ് ഖൽബ്. കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന പ്രണയമെന്ന പ്രമേയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ അത് പുതുമയോടെ അവതരിപ്പിക്കുക എന്നത് സംവിധായകനിൽ ചെലുത്തുന്ന ഒരു വലിയ ഉത്തരവാദിത്തമാണ്. അതിൽ ഒരു പരിധിവരെ സാജിദ് യഹിയ വിജയിച്ചു എന്ന് തന്നെ പറയാം. പേരുപോലെ തന്നെ ചിത്രം മുഴുവൻ അനർഗളം നിറഞ്ഞൊഴുകുന്ന പ്രണയമാണ്. അതിനെ അത്രമേൽ മനോഹരമായി പകർത്തിയെടുക്കുന്നതിൽ അഭിനേതാക്കളുടെ പ്രകടനം തികച്ചും അഭിനന്ദനാർഹമാണ്. സൂഫിസം ആസ്പദമാക്കിയ പ്രണയത്തിൻ്റെ മനോഹരമായ ഏഴ് തലങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് സാജിദ് യഹിയയുടെ ഖൽബ്. വ്യത്യസ്ത മതങ്ങളിൽ ഉൾപ്പെട്ട രണ്ടുപേർ പ്രണയത്തിലാവുകയും ഒന്നാവാൻ അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. കാലം കുറെ മാറിയെങ്കിലും ഇന്നും പലയിടങ്ങളിലും ആ മാറ്റത്തെ സാമൂഹികമായി സ്വീകാര്യമായി കണക്കാക്കാത്ത ആളുകളുണ്ട്.
ആലപ്പുഴയിലെ ഡോൾഫിൻ ബീച്ചിൽ റസ്റ്ററന്റ്റ് നടത്തുന്ന സായിപ്പിന്റെ മകനാണ് ലിയോണാർഡോ കാൽപോ. കാൽപോയും അവന്റെ നാല് സുഹൃത്തുക്കളും ടൂറിസ്റ്റുകൾക്ക് വഴികാട്ടികളാണ്. നാട് കാണാനെത്തുന്ന ഏതെങ്കിലും ഒരു മദാമ്മയെ വളച്ച് കല്യാണം കഴിച്ച് വിദേശത്തേക്കു പോകണമെന്നാണ് കാൽപോയുടെ ആഗ്രഹം. എന്നാൽ തുമ്പി എന്നുപേരുള്ള പെൺകുട്ടിയെ കണ്ട നിമിഷം മുതൽ അവന്റെ ലോകം മാറിമറിഞ്ഞു. പിന്നീടുള്ള ഓരോ നിശ്വാസവും പ്രണയമാണ്. ഒഴുകുന്ന ഓരോ ഓളങ്ങളും പ്രണയത്തിന്റെ മന്ത്രികമായ കഥകൾ അവനിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു. കാൽപോയും തുമ്പിയും പ്രണയബദ്ധരായി ആ ബിച്ചിൽ പറന്നുനടന്നു. പ്രണയികൾക്കു മാത്രം പ്രത്യക്ഷമാകുന്ന ഡോൾഫിനുകൾ അവരുടെ മുൻപിൽ നൃത്തമാടി. രണ്ടുപേർ പ്രണയിക്കുമ്പോൾ ഈ ലോകം മുഴുവൻ അവർക്കെതിരേ പ്രവർത്തിക്കാൻ തുടങ്ങുമെന്ന പ്രപഞ്ച സത്യം തിരിച്ചറിയാൻ തുമ്പിയും കാൽപോയും ഏറെ വൈകിയിരുന്നു. പിന്നീട് ഉണ്ടാവുന്ന സംഘർഷങ്ങളും നിസ്വാർത്ഥ പ്രണയത്തിനായുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ആലപ്പുഴയുടെയും അറബിക്കടലിൻ്റെയും മനോഹാരിത മുഴുവനായും ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടത് തന്നെയാണ്. ഖൽബ് പേര് സൂചിപ്പിക്കുന്നതുപോലെ അത്രമേൽ മനോഹരമായ പ്രണയത്തെ ദൃശ്യഭംഗിയോടെ തിരശീലയിലേക്ക് പകർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് വലിച്ചുനീട്ടാതെ പ്രേക്ഷകന് ഒട്ടും ബോറടിക്കാതെ രീതിയിലാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഒരു പ്രണയചിത്രത്തിന് ചേരുന്ന തരത്തിലുള്ള സംഗീതവും ഹിഷാം അബ്ദുൽ വഹാബിന്റെയും വിനീത് ശ്രീനിവാസന്റെയും ആലാപനവും എല്ലാം പ്രശംസനീയമാണ്. ഖൽബിനെ ഓരോ കാഴ്ചക്കാരന്റെയും ഖൽബിനോടടുപ്പിക്കുനതിന്റെ ഏറ്റവും മികച്ച ഘടകം അഭിനേതാക്കളുടെ പ്രകടനമാണ്. അതിൽ ഏറ്റവും മികച്ച് നിൽക്കുന്നത് സിദ്ദീഖ് തന്നെയാണ്. നേഹ നസ്നീൻ ആണ് തുമ്പി എന്ന പേരിൽ നായികാവേഷത്തിൽ എത്തുന്നത്. കാർത്തിക്ക് ശങ്കർ, ശ്രീധന്യ, സച്ചിൻ ശ്യാം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ത്രില്ലറിലും ആക്ഷൻ സിനിമകളിലും പിടിമുറുക്കിയ മലയാള സിനിമയ്ക്ക് ഖൽബ് ഒരു മുതൽക്കൂട്ടാകും എന്ന തന്നെ പറയാം. പേരുപോലെതന്നെ കാണുന്ന ഓരോ കാഴ്ചക്കാരന്റെയും ഖൽബ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയും.