ജോജു ജോർജ്ജ് കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ആന്റണി. കഥാപരമായും സാഹചര്യം കൊണ്ടും പഴയകാല സിനിമകളെ പ്രതിധ്വനിപ്പിക്കുന്ന ആന്റണി , കഥയുടെ അവതരണ രീതി കൊണ്ട് മുന്നിട്ട് നിൽക്കുന്നു. ടൈറ്റിൽ കഥാപാത്രമായ ആന്റണി അന്ത്രാപ്പർ ഇടുക്കിയിലെ അവറാൻ നഗരത്തിലെ ഒരു ഗുണ്ടയാണ്. കല്യാണി പ്രിയദർശന്റെ കഥാപാത്രമായ ആൻ മരിയ ആന്റണിയുടെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആൻ മരിയ ഒരു അനാഥ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ആന്റണിയാണ് അവളുടെ രണ്ടാനച്ഛനെ ഇല്ലാതാക്കുന്നത്. ആൻ മരിയയുടെ അമ്മയുടെ മരണശേഷം ആന്റണിയാണ് അവളുടെ രക്ഷാധികാരിയാവുന്നത്. കഥയുടെ പല വഴിത്തിരിവിലും ആൻ മരിയ തന്റെ ബോക്സിങ് കഴിവ് കൊണ്ട് കയ്യടി നേടുന്നുണ്ട്.
പഴയ ജോഷി ചിത്രങ്ങൾ പോലെ ആക്ഷൻ, ഇമോഷൻ, അവിസ്മരണീയ കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും അവതരിപ്പിച്ച് കൊണ്ട് ആന്റണിയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.
ചെമ്പൻ വിനോദ്, വിജയരാഘവൻ, നൈല ഉഷ , ആശ ശരത് തുടങ്ങി ഒട്ടേറെ താരങ്ങൾ കഥയുടെ സഞ്ചാരത്തിൽ ഭാഗമാവുന്നുണ്ട്. ജോജു ജോർജ്ജ് എന്ന അസാധ്യ കലാകാരന്റെ അഭിനയ പാടവത്തെ കാൻവാസിലേക്ക് പകർത്താൻ ജോഷിക്ക് സാധിച്ചിട്ടുണ്ട്. ആന്റണി വെറും ഒരു ആക്ഷൻ സിനിമ മാത്രമല്ല. കേവലം രണ്ട് മണിക്കൂറിനുള്ളിൽ അനേകം വൈകാരിക മുഹൂർത്തങ്ങളിലൂടെ കഥ കടന്ന് പോവുന്നുണ്ട്. പുതുമയില്ലാത്ത ഒരു കഥയെ പുതുമയോടെ അവതരിപ്പിച്ചത് തികച്ചും സംവിധായകന്റെ മികവ് തന്നെയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കഥയുടെ താളത്തിനനുസരിച്ച് സഞ്ചരിക്കുമ്പോൾ പ്രേക്ഷകരിൽ അത് വളരെ സ്വാധീനം ചെലുത്തുന്നുണ്ട്.