നസ്ലെൻ മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. തണ്ണീർമത്തൻ ദിനങ്ങൾക്കും സൂപ്പർ ശരണ്യയ്ക്കും ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ലളിതമെങ്കിലും സുന്ദരമായൊരു പ്രണയകഥയാണ് ഈ ചിത്രം. ഏതൊരു പ്രേക്ഷകനും എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ വളരെ മനോഹരമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തെ ഒരു പ്രധാന തിരശ്ശീലയാക്കി കഥാഗതിയെ കഥാപാത്രങ്ങളുടെ യാത്രയ്ക്കൊപ്പം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകൻ.
സച്ചിൻ എന്ന ആലുവക്കാരനും റീനു എന്ന പത്തനംതിട്ടക്കാരിയും തീർത്തും വ്യത്യസ്ത സാഹചര്യത്തിൽ ഹൈദരാബാദ് നഗരത്തിൽ എത്തുന്നു. അപ്രതീക്ഷിതമായി പരസ്പരം കണ്ടുമുട്ടുന്ന ഇരുവരുടെയും പ്രണയവും ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന പ്രണയത്തിൽ ചാലിച്ച സംഭവവികാസങ്ങളുമാണ് ചിത്രം. സച്ചിനായി നസ്ലെനും റീനുവെന്ന നായിക കഥാപാത്രമായി മമിതയുമാണ് വേഷമിട്ടിരിക്കുന്നത്. പഠിക്കാനായും മറ്റും അന്യസംസ്ഥാനങ്ങളിലെത്തിച്ചേരുന്ന യുവതലമുറ നേരിടുന്ന പ്രശ്നങ്ങളും മലയാളികൾ തമ്മിൽ പരസ്പരമുണ്ടാകാറുള്ള ബന്ധത്തേയും രസകരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വെറുതെ ഒരു പ്രണയം മാത്രം പറഞ്ഞ് പോവാതെ അതിനുമപ്പുറം സൗഹൃദവും സാഹചര്യത്തിനൊത്ത ഹാസ്യരംഗങ്ങളും എല്ലാം ചിത്രത്തിന്റെ ഭാഗമാക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. വിഷ്ണു വിജയ് ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടത് തന്നെയാണ്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.