കെ ജി എഫിന് ശേഷം സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന, പ്രശാന്ത് നീലിന്റെ മാസ്സ് ആക്ഷൻ ചിത്രമാണ് സലാർ. കഥയും കഥാ പശ്ചാത്തലവും അവതരണശൈലിയും കൊണ്ട് പ്രേക്ഷകരെ പിടിച്ച് നിർത്താൻ കെൽപ്പുള്ള സംവിധാന മികവിന് ചേരുന്ന അഭിനയ മികവ് കൂടിയായപ്പോൾ ആരാധകരുടെ കയ്യടി കൂടുതലാണ്.
സാധാരണയായി കണ്ടുവരുന്ന സംവിധാന ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പ്രശാന്ത് നീലിന്റെ കഥ പറയുന്ന രീതി. അതിനായി കഥയ്ക്ക് അനുയോജ്യമായ, പൊതു സമൂഹത്തിന്റെ ഒരു രീതിയും പിന്തുടരാത്ത, താന്‍ സൃഷ്ടിച്ച സാമൂഹിക ക്രമം പാലിക്കുന്നൊരു ലോകം സൃഷ്ടിച്ചെടുക്കുകയും അവിടെ ആ കഥ പറയുകയും ചെയ്യുന്നു. ഉഗ്രത്തിലും കെജിഎഫിലും ഇപ്പോള്‍ സലാറിലുമെല്ലാം അങ്ങനൊരു ലോകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അത് പ്രേക്ഷകരിൽ നിലനിർത്താൻ കഴിയുന്നു എന്നിടത്താണ് പ്രശാന്ത് നീൽ എന്ന സംവിധായകന്റെ കഴിവ്. വിഷ്വലുകള്‍ കൊണ്ട് മാസ് അപ്പീലുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കെജിഎഫിനെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ ടോണും, ആമ്പിയന്‍സും, മേക്കിംഗ് രീതിയും, എഡിറ്റിംഗുമെല്ലാം ആകുമ്പോഴും സലാർ കഥയുടെ ഏതൊക്കെയോ വശങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്നു.
പ്രഭാസിന്റെ ദേവയും പൃഥ്വിരാജിന്റെ വരദരാജ മന്നാറും തമ്മിലുള്ള സൗഹൃദത്തിന്റേയും രക്തരൂക്ഷിതമായ ഖാന്‍സാറിന്റെ ചരിത്രവുമാണ് സലാര്‍ പറയുന്നത്. കെജിഎഫിന് വേണ്ടി ഉപയോഗിച്ച നിർമ്മാണ ശൈലിയിലാണ് പ്രശാന്ത് സലാറും ഒരുക്കിയിരിക്കുന്നത്. മേക്കിംഗില്‍ മാത്രമല്ല, പശ്ചാത്തലവും ചില രംഗങ്ങളുമെല്ലാം കെജിഎഫിനെ ഓര്‍മ്മിപ്പിക്കുന്നതാണ്.
ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന് ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന സലാര്‍ ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.