ഓർമിക്കാനും ഓർമ്മിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. അതിലേക്കെത്തിച്ചേരുന്നിടത്താണ് ക്രിസ്റ്റി എന്ന സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നത്.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്തിരിക്കുന്ന ക്രിസ്റ്റി തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞു വെക്കുന്ന പ്രണയ കഥയാണ്. കൗമാരക്കാരനായ റോയിയുടെയും അവനെ ട്യൂഷൻ പഠിപ്പിക്കുന്ന ക്രിസ്റ്റിയുടെയും കഥയാണ് ചിത്രം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം റിയലിസ്റ്റിക്കായി തന്നെ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നു. ക്രിസ്റ്റിയെന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മാളവികയും റോയിയായി മാത്യുവും ചിത്രത്തിൽ വേഷമിടുന്നു.
വിവാഹ ബന്ധം വേർപെടുത്തി വീട്ടിൽ വിന്നു നിൽക്കുകയാണ് ക്രിസ്റ്റി. റോയിയെ ട്യൂഷൻ പഠിപ്പിക്കാനെത്തുന്ന ക്രിസ്റ്റി ഒരു ഘട്ടം കഴിയുന്നതോടെ റോയിക്ക് ക്രിസ്റ്റിയോട് പ്രണയം തോന്നി തുടങ്ങുന്നു. അവൻ അത് തുറന്നു പറയുമ്പോൾ പ്രതീക്ഷിച്ചിരുന്ന പ്രതികരണമായിരുന്നില്ല അവളിൽ നിന്നുമുണ്ടായത്. എന്നാലും അവൾക്കു വേണ്ടി അവസാനം വരെ ശ്രമം തുടരുകയാണ് . ഒരു ഘട്ടത്തിൽ തനിച്ചാണെന്നു തിരിച്ചറിഞ്ഞപ്പോൾ ആശ്വാസമായവൾ എത്തിയെങ്കിൽ റോയ് കൊതിച്ചു നിന്നു . റോയിയുടെ വികാരവായ്പ്പുകൾക്കു പ്രാധാന്യം കൊടുത്തിരിക്കുന്നതിനാൽ ക്രിസ്റ്റിയുടെ മനസ് പ്രേക്ഷകർക്കും പിടികൊടുക്കാതെയാണ് മുന്നോട്ട് പോകുന്നത്.
തീരദേശത്തിൻ്റെ സംസ്കാരവും ജീവിതവും ഭാഷയും കൃത്യമായി ചിത്രത്തിൽ ഇടംപിടിക്കുന്നുണ്ട്. ആദ്യ പാതിയിൽ കഥ നടക്കുന്ന പശ്ചാത്തലും കഥാപാത്രങ്ങളും പ്രേക്ഷകരെ കഥയിലേക്ക് കൊണ്ടെത്തിക്കുന്നു. രണ്ടാം പാതിയിൽ റോയിയുടെ പ്രണയത്തിനായുള്ള കാത്തിരിപ്പും അവൻ്റെ മുന്നോട്ടുള്ള പൊക്കുമൊക്കെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തിൻ്റെ ദൃശ്യാവിഷ്കാരം എന്നതിനാലുള്ള കഥയുടെ മന്ദഗതി പശ്ചാത്തല സംഗീത്തിലൂടെയാണ് ബാലൻസ് ചെയ്യുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീതമാണ് ചിത്രത്തിൻ്റെ ആത്മാവായി മാറുന്നത്.
പ്രേക്ഷകർക്കു പരിചിതമായതിന് അപ്പുറത്തേക്ക് ചിത്രം സഞ്ചരിക്കുന്നതില്ലെന്നത് മുൻവിധകളെ സൃഷ്ടിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത വിവാഹം കഴിക്കുന്ന നായികയും അവളുടെ അച്ഛൻ്റെ പ്രാരാബ്ധവും കുടുംബ ഭാരവും! ചില തുറന്നു പറച്ചിലുകൾ നടത്തുന്ന മുറിവുകൾക്കപ്പുറത്തുള്ള അകൽചയും ഇഷ്ടമില്ലാത്ത പെരുമാറ്റം ആവർത്തിക്കുന്നയാൾക്കൊപ്പം വീണ്ടും നടക്കുന്നതിലും പ്രേക്ഷകര സംശയത്തിനു നിവാരണം കൊടുക്കാനും കഴിയാതെ പോകുന്നുണ്ട്. ഒരു പ്രണയ കഥയെ ഇമോഷൻസിലൂടെയാണ് മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഇവിടെ റോയിക്ക് ക്രിസ്റ്റിയോടുള്ള ഇഷ്ടവും അവളുടെ മൗനവും അവൾ ആ ഇഷ്ടം നഷ്ടപ്പെടുത്തുന്നതിനുള്ള കാരണവുമൊക്കെ എല്ലാ പ്രേക്ഷകരിലേക്കും കൃത്യമായി കണക്ട് ചെയ്യാൻ കഴിയുന്നില്ല.
തെന്നിന്ത്യൻ താരം മാളവിക ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റി. തൻ്റെ പതിവ് മാനറിസങ്ങൾക്കും അഭിനയ ശൈലിയ്ക്കും അപ്പുറം മാളവികയ്ക്ക് ചിത്രത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാത്യു തോമസും തൻ്റെ മുൻ സിനിമകളിലെ മാനറിസങ്ങളെ തന്നെയാണ് പ്രകടമാക്കുന്നത്. ജോയി മാത്യു, മുത്തുമണി, മഞ്ജു പത്രോസ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രാജേഷ് മാധവൻ്റെ പള്ളീലച്ചൻ കഥപാത്രം മാത്രമാണ് കുറച്ചെങ്കിലും പുതുമ സമ്മാനിക്കുന്നത്.
ചിത്രത്തിൻ്റെ ആകർഷക ഘടകം സാഹിത്യകാരന്മാരായ ബെന്ന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നു തിരക്കഥ ഒരിക്കിയതാണ്. പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്ക് റിലേറ്റ് ചെയ്യാവുന്നതാണ് ക്രിസ്റ്റിയുടെ കഥ.