സംഗീത സംവിധായകനും, നിർമ്മാതാവുമായ വിശാൽ ഭരദ്വാജിൻ്റെ മകൻ ആസ്മാൻ സംവിധായകനായി എത്തുന്ന ത്രില്ലർ ചിത്രമാണ് കുത്തേ (പട്ടികൾ). ഏറ്റവും ഇണങ്ങി ജീവിക്കുന്ന കുത്ത അഥവാ നായകൾ ചില വർഗ്ഗഗുണങ്ങൾ കൊണ്ട് വെറുക്കപ്പെടാറും ഉണ്ട്. നായ ഒരു മോശം വാക്കായി പ്രചരിക്കുന്നത് ഈ നായകളുടെ സ്വഭാവസവിശേഷത കൊണ്ടാണ് . നായകളെ പോലെ പെരുമാറുന്ന ചില ആളുകളെ ഈ ചിത്രത്തിലൂടെ നമുക്ക് കാണാൻ കഴിയും.അതുകൊണ്ട് ‘കുത്തേ’ എന്ന പേരിലൊരു ചിത്രം എത്തുമ്പോൾ അതിൽ എന്താവും കാണാനുള്ളതെന്ന് നമുക്ക് ഊഹിക്കാം. അതെ, എല്ലിൻ കഷണത്തിനായി പട്ടികൾ കടിപിടി കൂടുന്നതുപോലെ പണത്തിനായി കുറേ മനുഷ്യർ തമ്മിലടിക്കുന്നതാണ് ചിത്രത്തിൻ്റെ കഥ.
തബു, അർജ്ജുൻ കപൂർ, നസീറുദ്ദീൻ ഷാ, രാധിക മദൻ, കൊങ്കണ സെൻ ശർമ്മ, കുമുദ് മിശ്ര, ഷാർദുൽ ഭരദ്വാജ് തുടങ്ങിയ മികച്ചൊരു താരനിരയാണ് ചിത്രത്തിലുള്ളത്. വിശാൽ ഭരദ്വാജിൻ്റെ ‘കമീനേ’ അടക്കമുള്ള ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് ‘കുത്തേ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങളെയും നെഗറ്റീവ് ഷേഡിൽ കാണിക്കുന്നത് കൊണ്ട് ആർക്കൊപ്പം നിൽക്കണമെന്നത് ആശങ്കയെ സമര്‍ഥമായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളൊക്കെ ഒപ്പം നിൽക്കുന്നവരേപ്പോലും ചതിക്കാൻ മടിയില്ലാത്ത കഥാപാത്രങ്ങളെ ചിത്രത്തിൽ കാണാൻ കഴിയും. തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നതുപോലെ, കൂട്ടത്തിൽ അൽപ്പമെങ്കിലും മെച്ചം ആരാണെന്നൊരു അന്വേഷണം കൂടി പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകുന്നുണ്ട്.