ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം മികച്ച അഭിപ്രായം നേടി തിയറ്റേറിൽ മുന്നേറുമ്പോൾ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽലാകുന്നത്. പഴനിയിലെ ഷൂട്ടിംഗ് ഇടവേളയിൽ തറയിൽ കിടന്ന് മയങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം സന്തതസഹചാരിയായ ജോർജ് ആണ് പകർത്തിയത്.
ചിത്രത്തിൽ, സുന്ദറായി മാറുന്ന മമ്മൂട്ടി ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന ഒരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ എടുത്തു കഴിഞ്ഞ് വിശ്രമിക്കാൻ വേണ്ടി കിടന്നതാണ് മമ്മൂട്ടി. പഴനിയിലെ കാറ്റടിച്ചപ്പോൾ അദ്ദേഹം അൽപ്പ നേരം മയങ്ങി. ഇതാണ് ചിത്രങ്ങളിൽ കാണുക.
ഐഎഫ്എഫ്കെയിൽ നടത്തിയ പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ ചിത്രത്തിന് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകർ വലഞ്ഞിരുന്നു. തുടർന്ന് ജനുവരി പത്തൊൻപതിന് ചിത്രം പ്രേക്ഷകരിലേക്കെത്തി. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകർക്ക് തീർത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്
മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം
തീയറ്ററിലെത്തിച്ചിരിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. പിആർഒ പ്രതീഷ് ശേഖർ