എല്ലാവർക്കും ഹൃദയത്തിന്റെ കോണിൽ ഒരു പ്രണയമുണ്ടാകും, ഒരുപക്ഷേ, ആ തീവ്രതയാകാം ആദ്യ പ്രണയത്തിന് അവിസ്മരണീയതയേകുന്നതും, പോയ കാലത്തിൻ്റെ ഓർമപോലെ ആരോടും പറയാതെ ഓർത്തെടുത്ത് ആസ്വദിക്കുന്നതും. അങ്ങനെയൊരു പ്രണയ കഥയാണ് ‘പ്രണയ വിലാസം’.നവാഗതനായ നിഖിൽ മുരളിയുടെ സംവിധാനത്തിലെത്തിയ ചിത്രം ലളിതമായ കഥയെ വളരെ ലാളിത്യത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ പകരുന്നതും പ്രണയ കാലത്തിൻ്റെ ഓർമപ്പെടുത്തലുകളാണ്. എംസിഎ വിദ്യാർത്ഥിയായ സൂരജിൻ്റെ പുതിയ കാലത്തെ പ്രണയ ഭാവങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. അവനെ മനസിലാക്കിയതിനു ശേഷം പ്രണയിച്ച അവൻ്റെ കൂട്ടുകാരിയും, പ്രണയിച്ച ശേഷം മനസിലാക്കിയ കാമുകിയും ഒരു ഭാഗം. എന്നാൽ പ്രണയ വിലാസം എന്ന സിനിമ സൂരജിൻ്റെ മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥനായ അവൻ്റെ അച്ഛൻ്റെയും വീട്ടമ്മയായ അമ്മയുടെയും കഥയാണ്. പഴയ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്ന സൂരജിൻ്റെ അച്ഛൻ വഴി പതിയെ പ്രണയ മുഹൂർത്തങ്ങളിലേക്ക് തിരികെ പോവുകയാണ്. എവിടെയൊ തിരഞ്ഞ ആളെ വീണ്ടും കണ്ടെത്തിയ പോലെ… മകൻ്റെയും ഭർത്താവിൻ്റെയും ഇഷ്ടാനിഷ്ടങ്ങളിലൂടെ ആ വീടും പുരയിടവും കുടുംബശ്രീയുമൊക്കെയായി കഴിയുന്ന ഒരു പാവം അമ്മയും. വളരെ ലളിതമായി കഥ പറയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് നിന്നുകൊണ്ട് ഗൃഹാതുരമായ പഴയ പ്രണയകാലത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അതൊക്കെയും കാഴ്ചക്കാരുടെ വൈകാരിത തലങ്ങളെ കൂട്ടിയിണക്കിക്കൊണ്ടു പോകുന്നിടത്താണ് ചിത്രം കാഴ്ചക്കാരുടെ മനസിലേക്ക് ഇറങ്ങിവരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ആസ്വാദനം നഷ്ടപ്പെടാതെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു.
പ്രണയ വിലാസം പറയുന്നത് മൂന്നു പ്രണയ കഥകളാണ്. സൂരജിനെ മനസിലാക്കി ഉള്ളിലൊരു പേടിയുണ്ടെങ്കിലും അവൻ്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യത്തോടെ നിന്ന് പരസ്പരം താങ്ങായി മാറുന്ന പുതിയ തലമുറയുടെ പ്രണയ കഥയാണ് അതിലൊന്ന്. ഒരു കാലത്ത് ജീവനായിരുന്ന വ്യക്തിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ യൗവനം തിരിച്ചെത്തുന്നത് തിരിച്ചറിയുന്ന മറ്റൊരു പ്രണയ കഥ. അതിനിടയിൽ നിശബ്ദമായിരുന്നെങ്കിലും അതിതീവ്രമായ മൂന്നാമതൊരു പ്രണയ കഥയും.
കഴിഞ്ഞ കാലത്തിൻ്റെ സുഖമുള്ള ഓർമകൾ സമ്മാനിച്ചും തട്ടിയുണർത്തിയും ഇഷ്ടം നേടിയിരിക്കുകയാണ് പ്രണയ വിലാസം എന്ന കൊച്ചു ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചെറിയ ഒരു നൊസ്റ്റാൾജിക് റൊമാൻ്റിക് ചിത്രമെന്ന് സംവിധായകന് നിശംസയം തൻ്റെ സിനിമയെക്കുറിച്ച് പറയാം. മൂന്നു പ്രണയ കഥകൾക്കും ഒരേ പോലെ പ്രാധാന്യം നൽകി വെള്ളിത്തിരയിൽ അണിനിരത്തുന്നതിനാൽ തന്നെ നായകൻ നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്. 2022 ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയിലെ കോമ്പിനേഷൻ അർജുൻ അശോകൻ, അനശ്വര രാജൻ, മമിത കോമ്പിനേഷനാണ് പ്രണയ വിലാസത്തിലും എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം കെ.യു. മനോജ്, ശ്രീധന്യ, മിയ ജോർജ്, ഹക്കിം ഷാ, അനശ്വര രാജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്,ഒരു മഴച്ചാറ്റൽ പോലെ സുന്ദരമായ അനുഭൂതിയാണ് സംഗീതത്തിന്. ഗാനം എന്നതിനപ്പുറം അത് പശ്ചാത്തല സംഗീതമായി അതു മാറുമ്പോൾ പ്രണയവും വിരഹവും നൊമ്പരവുമെല്ലാം വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസിനെ തൊട്ടു തലോടും. ഷാൻ റഹ്മാൻ്റെ മ്യൂസിക് മാജിക് ചിത്രത്തിനെ പ്രേക്ഷകരുമായി വൈകാരികമായി ചേർത്തു നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ബോറടിപ്പിക്കാതെ പ്രേക്ഷകർക്കു നൊസ്റ്റാൾജിക് വൈബ് നൽക്കാൻ കഴിയുന്ന ചിത്രമാണ് എന്നതിൽ സംശയമില്ല.