കാണികളെ കണ്ണെടുക്കാൻ അനുവദികാതെ കുരുക്കിയിടുന്നു ഈ ജിത്തു മാധവൻ ചിത്രം രോമാഞ്ചം. ഒരു ഓജോബോർഡും വെച്ച് ഇത്രെയേറെ ത്രസിപ്പിക്കാൻ കഴിയുമോ എന്ന സംശയങ്ങൾക്കുള്ള ഉത്തരം സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ടിറങ്ങുമ്പോഴും മാറുന്നതാണ്.
സൗബിൻ ഷാഹിറും അർജുൻ അശോകനും ഒരു രംഗത്തു വന്നു മടങ്ങുന്ന ചെമ്പൻ വിനോദുമല്ലാതെ എടുത്തുപറയാവുന്ന താരങ്ങളെയൊന്നും ഇല്ലാതെയാണ് രോമാഞ്ചം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബംഗളൂരു നഗരത്തിന്റെ ഒരറ്റത്ത് വലിയ ജോലിയും കൂലിയുമൊന്നും ഇല്ലാതെ ബാച്ചിലർ ജീവിതം നയിക്കുന്ന യുവാക്കളും അവർക്കിടയിലേക്ക് കടന്നെത്തുന്ന ഓജോ ബോർഡും അതിലൂടെ കടന്നുവരുന്ന അനാമികയെന്ന ആത്മാവുമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.സ്ത്രീ കഥാപാത്രങ്ങളൊന്നുമില്ലാതെ ഒരു നായികയെ പറഞ്ഞവതിരിപ്പിക്കുകയാണ് രോമാഞ്ചം.
ഒരു ബാച്ചിലർ ‘മുറിക്ക്’ ഉണ്ടായിരിക്കേണ്ട എല്ലാ ‘ഗുണങ്ങളും’ ഉള്ളതാണ് ജിബിയുടേയും കൂട്ടുകാരുടേയും മുറി. ഒരു സുഹൃത്തിന്റെ മുറി സന്ദർശിച്ച ജിബി അവിടെയവർ ഓജോ ബോർഡിൽ ആത്മാവിനെ വിളിക്കാൻ ശ്രമിക്കുന്നത് കണ്ടതോടെയാണ് തങ്ങൾക്കും ആത്മാവിനെ വിളിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. ഓജോ ബോർഡുണ്ടാക്കി സഹമുറിയന്മാരെ ചുറ്റുമിരുത്തി ആത്മവിനെ വിളിച്ച ജിബിക്കും കൂട്ടുകാർക്കുമിടയിലേക്ക് അനാമികയുടെ ആത്മാവ് എത്തിച്ചേരുന്നതോടെ കളിയും കാര്യവും കുഴഞ്ഞു മറിയുകയാണ്. ആദ്യം ജിബിയും ഷിജാപ്പനുമൊപ്പിക്കുന്ന കുസൃതികൾ പിന്നെ കൈവിട്ടു പോകുന്നതാണ് അവരറിയുന്നത്.
ആത്മാവിനെ കണ്ടു ഭയന്ന ജിബി സ്പെഷ്വൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന് മലയാളി നഴ്സിനോട് തന്റെ കഥ പറയുന്ന രീതിയിലാണ് സിനിമ മുമ്പോട്ടു പോകുന്നത്. ജിബി രംഗത്തില്ലാതെ ജിബിയുടെ കാഴ്ചകളിലൂടെയും കണ്ണിമ ചിമ്മലുകളിലൂടേയും തീവ്രപരിചരണ വിഭാഗവും ഡോക്ടറും നഴ്സുമൊക്കെ വരുന്നത് കൗതുകമുണർത്തുന്ന തരത്തിൽ ചിത്രീകരിക്കാനായിട്ടുണ്ട്.
രണ്ടാം പകുതിയിൽ വരുന്ന ജിബിയുടെ സുഹൃത്ത് സിനുവിലൂടെയാണ് പിന്നെ കളി മുഴുവൻ പോകുന്നത്. ഇവിടെ തമാശയാണോ സീരിയസാണോ എന്ന് പലപ്പോഴും ബാച്ചിലർ മുറിയിലെ കൂട്ടുകാർക്കു മാത്രമല്ല പ്രേക്ഷകർക്കും തോന്നുന്ന തരത്തിൽ കഥയെ മുന്നോട്ടു കൊണ്ടുപോകാൻ ജിത്തു മാധവന്റെ എഴുത്തിനും ചിത്രീകരണത്തിനും സാധിച്ചിട്ടുണ്ട്.
അർജുൻ അശോകന്റെ സിനു എന്ന കഥാപാത്രമാണ് സിനിമയെ കൂടുതൽ രസകരമാക്കുന്നത്. രോമാഞ്ചത്തിലെ ഒരു ഗാനത്തിലെ ‘നിങ്ങൾക്കാദരാഞ്ജലി നേരുന്നേ’ എന്ന ഒരു വരി മാസങ്ങളായി റീൽസ് ഉൾപ്പെടെ ഹിറ്റായിരുന്നത് സിനിമയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കില്ലെങ്കിലും കാഴ്ചക്കാരെ പെട്ടെന്ന് ചലച്ചിത്രത്തിലേക്ക് അടുപ്പിക്കാൻ സഹായിച്ചിരുന്നു.
സുഷിൻ ശ്യാമിന്റെ മ്യൂസിക്ക് പ്രൊഡക്ഷനാണ് സിനിമയിലെ എടുത്തുപറയേണ്ടുന്ന ഒരു വസ്തുത. വ്യത്യസ്ത രീതിയിൽ എഴുതുകയും കംപോസ് നിർവഹിക്കുകയും ചെ ഗാനങ്ങൾ സിനിമയുടെ മൂഡ് സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്. യുവതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ സിനിമയും ഗാനങ്ങളും ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ഓജോ ബോർഡ് തരംഗമായി മാറിയ കാലത്തിന് പിന്നാലെ 2007ൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം പഴയ കാലത്തിലേക്കുള്ള യാത്ര പ്രേക്ഷകന് പലപ്പോഴും തിരിഞ്ഞുനോക്കി ചിരിക്കാനുള്ള വകയാണ് നൽകുന്നത്. കഥ നടക്കുന്ന കാലത്തെ വസ്ത്രധാരണ രീതി നേരിട്ടുപ്രയോഗിക്കാതെ അതിനേക്കാൾ രണ്ടു പതിറ്റാണ്ടെങ്കിലും മുമ്പുള്ള രീതിയിലുള്ള വസ്ത്രങ്ങൾ പലയിടത്തും അഭിനേതാക്കൾക്ക് നല്കിയത് ആക്ഷേപ ഹാസ്യം ഉദ്ദേശിച്ച് തന്നെയാവണം.
ഒഴിവാക്കാൻ ശ്രമിച്ച ആത്മാവ് പിന്നേയും യുവസംഘത്തിന്റെ കൂടെക്കൂടുന്നതും അവരെല്ലാം ചേർന്ന് ഇനിയുമൊരു വരവ് വന്നേക്കുമെന്ന സൂചനകൾ നൽകിയുമാണ് സിനിമ അവസാനിക്കുന്നത്. ജോബി ജോർജ്ജ്, ജോൺപോൾ ജോർജ്ജ്, ഗിരീഷ് ഗംഗാധരൻ, സുഷിൻ ശ്യാം, അന്നം ജോൺ പോൾ എന്നിവർ ചേർന്ന് നിർമിച്ച രോമാഞ്ചത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സനു താഹിറാണ്.