അവാർഡ് നിറവിൽ തിളങ്ങി രാജമൗലി ചിത്രം ആർ.ആർ.ആർ. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സിൽ മൂന്ന് വിഭാഗങ്ങളിൽ ‘ആർ.ആർ.ആർ’അവാർഡ് കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആർ.ആർ.ആറിന്റെ അവാർഡ് നേട്ടം.ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാർഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഒറിജിനൽ സോങ് വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്കർ നാമനിർദേശം ലഭിച്ചത്. ഗോൾഡൻ ഗ്ലോബിലെ പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം ചിത്രം സ്വന്തമാക്കിയത്.
ജൂനിയർ എൻ.ടി.ആർ., രാം ചരൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ ലോക ചലച്ചിത്ര ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അജയ് ദേവ്ഗൺ, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അവാർഡ് സ്വീകരിച്ചതിന് പുറമേ കൊറിയോഗ്രാഫർമാർക്കുള്ള പ്രത്യേക നന്ദി രാജമൗലി അറിയിച്ചു. അവാർഡ് ലഭിച്ചതിലെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നും രാജമൗലി പറഞ്ഞു.