ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇൻസ്പെക്ടർ നടത്തുന്ന ഉദ്വേഗജനകമായ യാത്രയുമാണ് ചിത്രം. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കിയ പിരീഡ് ഇൻവെസ്റ്റിഗേഷൻ ഡ്രാമയായ ചിത്രം നിരവധി സസ്പെൻസുകളും ട്വിസ്റ്റുകളും പ്രേക്ഷകർക്ക് വെച്ചുനീട്ടുന്നുണ്ട്. രണ്ട് പ്രധാനപ്പെട്ട മർഡർ കേസുകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ, റിയലസ്റ്റിക് ഇൻവെസ്റ്റിഗേഷൻ മേക്കിങ് ശൈലിയാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയെ താങ്ങിനിർത്താൻകെൽപ്പുള്ള സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം വളരെ മികവുറ്റതാണ്.
കോട്ടയം ചിങ്ങവനത്തെ പോലീസ് സ്റ്റേഷനിൽ പുതിയ എസ്.ഐ. ചാർജെടുക്കുന്നു. പോലീസുകാരനായ അച്ഛനെ പിന്തുടർന്ന് കാക്കിയണിഞ്ഞ ആനന്ദ് നാരായണൻ എന്ന ചെറുപ്പക്കാരൻ യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലാത്ത ചെയ്യുന്ന ജോലിയിൽ തികഞ്ഞ ആത്മാർഥതയും മിടുക്കുമുള്ള ഉദ്യോഗസ്ഥനാണ്. അയാളുടെ മുന്നിലേക്ക് ഒരു പെൺകുട്ടിയുടെ മിസിങ്ങ് കേസ് എത്തുകയും താമസിയാതെ ആ പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയും ചെയ്യുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആനന്ദ് നാരായണൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുകയും സത്യത്തിലേക്കുള്ള യാത്രയുമാണ് ചിത്രത്തിൽ കാണിക്കുന്നത്.
അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആനന്ദ് നാരായണനെന്ന സബ്ഇൻസ്പെക്ടറുടെ ഭാവപ്രകടനങ്ങളെല്ലാം ടോവിനോ തോമസിന്റെ പക്കൽ ഭദ്രമായിരുന്നു. ഇന്ദ്രൻസ്, സിദിഖ്, ബാബുരാജ്, ഷമ്മി തിലകൻ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ തുടങ്ങി മുഖം കാണിച്ച് പോയ ചെറിയ കഥാപാത്രങ്ങൾ വരെ കൈയടി അർഹിക്കുന്നുണ്ട്.
ഗിരീഷ് ഗംഗാധരന്റെ ക്യാമറക്ക് വലിയ പങ്കുണ്ട്. കഥയ്ക്കു അനുയോജ്യമായ പശ്ചാത്തല സംഗീതം നൽകിയ സന്തോഷ് നാരായണനെയും ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും വളരെ മികവുറ്റതാണ്.